24 February, 2025 01:31:39 PM


ചേട്ടന്‍റെ മരണ വിവരം അറിയിക്കാന്‍ അന്വേഷിക്കുന്നതിനിടെ അനുജനേയും മരിച്ച നിലയില്‍ കണ്ടെത്തി



കൊച്ചി: ചേട്ടന്റെ മരണ വിവരം അറിയിക്കാന്‍ അന്വേഷിക്കുന്നതിനിടെ അനുജനേയും മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം എരുവേലി നെടുങ്കാവയല്‍ സ്വദേശികളായ സി ആര്‍ മധു (51), അനുജന്‍ സന്തോഷ് (45) എന്നിവരാണ് മരിച്ചത്.

ആന്ധ്രയില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു മധു. അസുഖബാധയെ തുടര്‍ന്ന് ശനിയാഴ്ച ആന്ധ്രയില്‍വെച്ച് മധു മരണപ്പെട്ടു. ഈ സമയം കോട്ടയം ചങ്ങനാശ്ശേരിയില്‍ പെയിന്റിങ് ജോലിയുടെ ഭാഗമായി പോയതായിരുന്നു സന്തോഷ്. മധുവിന്റെ മരണ വിവരമറിയിക്കാന്‍ ബന്ധുക്കള്‍ സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് ബന്ധുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷിന്റെ ചിത്രവും ഫോണ്‍ നമ്പറും പോസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങി. ഇതിന് പിന്നാലെ കായംകുളം പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു. ഇന്നലെ രാവിലെ കായംകുളം ബസ് സ്റ്റാന്‍ഡിലെ കടയ്ക്ക് മുന്നില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ഇയാള്‍ക്ക് സന്തോഷുമായി സാമ്യമുണ്ടെന്നും അറിയിച്ചു. ബന്ധുക്കള്‍ എത്തി, മരിച്ചത് സന്തോഷ് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. ഇരുവരുടേയും സംസ്‌കാരം ഒരുമിച്ച് പിന്നീട് നടത്തും. മണിയാണ് മധുവിന്റെ ഭാര്യ. മകന്‍ ആകാശ് (വിദ്യാര്‍ത്ഥി). ബീനയാണ് സന്തോഷിന്റെ ഭാര്യ. ആദര്‍ശ്, അദ്രി എന്നിവരാണ് മക്കള്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K