15 February, 2025 12:12:36 PM


മഫ്തിയിൽ ഡ്യൂട്ടിക്കിറങ്ങുന്ന പൊലിസുകാർ തിരിച്ചറിയൽ കാർഡ് കാണിക്കണം- ഹൈക്കോടതി



കൊച്ചി: പരിശോധന നടത്തുമ്പോൾ മഫ്തി പൊലീസ് തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന് ഹൈക്കോടതി. മഫ്തിയിൽ ഡ്യൂട്ടി ചെയ്യാൻ ചുമതലപ്പെടുത്തിയ കൃത്യമായ ഉത്തരവിന്റെ പകർപ്പ് കൈവശം വെയ്ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കസ്റ്റംസിന്റെയും സിബിഐയുടെയും യൂണിഫോം ഉപയോ​ഗിച്ച് തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഹൈക്കോടതി അറിയിച്ചു.

ഭാരതീയ ന്യായ സംഹിതയിലോ കേരള പൊലീസ് ആക്ടിലോ മഫ്തി പൊലീസിങ്ങിനെക്കുറിച്ച് പറയുന്നില്ല എന്നാൽ കേരള പൊലീസ് മാന്വലിൽ മഫ്തി പട്രോളിങ്ങിനെ കുറിച്ച് പറയുന്നുണ്ട്. ഇത് കണക്കിലെടുത്താണ് നിർദേശമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. മഫ്തി പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേരെ കുരുമുളക് സ്പ്രേ അടിച്ച ശേഷം ഓടി രക്ഷപ്പെട്ട കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതി നിരീക്ഷണം. ഒക്ടോബർ 24ന് മഫ്തിയിലെത്തിയ വാകത്താനം പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്നാണ് കേസ്.

പൊലീസിന്റെ യൂണിഫോം ദുരുപയോ​ഗം ചെയ്ത് മാത്രമല്ല, വാഹനങ്ങളിൽ ജഡ്ജിന്‍റെ ബോർഡ് വെച്ചുപോലും ക്രിമിനലുകൾ തട്ടിപ്പു നടത്തുന്നത് ഇക്കാലത്ത് പതിവാണെന്ന് കോടതി പറഞ്ഞു. ജനങ്ങളുടെ പ്രതികരണവും ജാഗ്രതയോടെയായിരിക്കുമെന്ന് പൊലീസ് കരുതണം. തിരിച്ചറിയൽ കാർഡില്ലാതെ പരിശോധന നടത്തുന്നത് ജനം ചോദ്യം ചെയ്താൽ കുറ്റം പറയാനാവില്ല. സ്വന്തം സുരക്ഷ പൊലീസ് ഉറപ്പുവരുത്തണമെന്നും കോടതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K