03 February, 2025 02:47:03 PM


കണ്ണൂരിൽ സിപിഐഎം ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും



കണ്ണൂർ: സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. 

എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയിൽ ഇടംനേടി. എം വി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 11 പുതുമുഖങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എം വി നികേഷ് കുമാർ, കെ അനുശ്രീ, വി കുഞ്ഞികൃഷ്ണൻ, പി ഗോവിന്ദൻ, കെപിവി പ്രീത, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ ജനാർദ്ദനൻ, സി കെ രമേശൻ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. സംഘടനാ നടപടി നേരിടുന്ന പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്നാണ് എം വി ജയരാജൻ സിപിഐഎം കണ്ണൂ‍ർ ജില്ലാ സെക്രട്ടറിയായി നിയോ​ഗിക്കപ്പെടുന്നത്. പിന്നീട് 2021-ൽ ജില്ലാ സമ്മേളനത്തിൽ ജയരാജൻ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും മത്സരിച്ചെങ്കിലും കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് എം വി ജയരാജൻ പരാജയപ്പെട്ടിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അം​ഗമായ എം വി ജയരാജൻ സിഐടിയുവിൻ്റെ കേന്ദ്രപ്രവർത്തക സമിതി അം​ഗവുമാണ്. 

2019ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി പി ജയരാജന്‍ ഒഴിഞ്ഞപ്പോഴാണ് എംവി ജയരാജന് ജില്ലാ സെക്രട്ടറിയായത്. 2021ലെ ജില്ലാ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. എടക്കാട് മണ്ഡലത്തില്‍നിന്ന് രണ്ടുതവണ എംഎല്‍എയായ ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി, പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സമ്മേളനത്തിന് സമാപനം കുറിച്ച് റെഡ് വളണ്ടിയർ മാർച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926