06 January, 2025 04:30:32 PM


പെരിയ ഇരട്ടക്കൊല: നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി



കൊച്ചി: പെരിയയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ പ്രതികളായ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, ഭാസ്‌കരന്‍, രാഘവന്‍എന്നിവരാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ഈ പ്രതികള്‍ക്ക് സിബിഐ കോടതി വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്. അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാകുകയും, ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികളായ ഒമ്പത് പേരെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നാം പ്രതി പീതാംബരന്‍, മറ്റു പ്രതികളായ രഞ്ജിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് മാറ്റിയത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K