24 October, 2024 04:28:52 PM
മയക്കുമരുന്ന് വില്‍പ്പനക്കിടെ ബിജെപി നേതാവ് പിടിയില്‍

ചണ്ഡീഗഢ്: ഹെറോയിൻ വിൽക്കുന്നതിനിടെ മുൻ വനിതാ എം.എൽ.എയെ അറസ്റ്റ് ചെയ്ത് നാർക്കോട്ടിക് വിരുദ്ധ സേന. പഞ്ചാബ് പൊലീസിന്റെ നാർക്കോട്ടിക് വിരുദ്ധ വിഭാഗമാണ് മുൻ കോൺഗ്രസ് എം.എൽ.എയും നിലവിൽ ബി.ജെ.പി നേതാവുമായ സത്കർ കൗർ ഗെഹ്രിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. 100 ഗ്രാം ഹെറോയിനാണ് പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തിയത്.
ബന്ധുവായ ജസ്കീരാത് സിംഗിനൊപ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 28 ഗ്രാം ഹെറോയിനും രേഖകളില്ലാതെ സൂക്ഷിച്ച 2 ലക്ഷം രൂപയും സ്വർണവും നിരവധി വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളും പൊലീസ് കണ്ടെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സത്കർ കൗറിൽ നിന്ന് ലഹരി മരുന്ന് വാങ്ങിച്ചെന്നായിരുന്നു രഹസ്യ വിവരം. സ്വന്തം മൊബൈൽ നമ്പർ അടക്കം രണ്ടിലേറെ ഫോൺ നമ്പറുകളാണ് ലഹരി വിൽപനയ്ക്കായി സത്കർ കൗർ ഉപയോഗിച്ചിരുന്നത്.
പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ സത്കർ കൗർ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. വ്യാജ നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളിലായിരുന്നു മയക്കുമരുന്ന് വിൽപനയെന്ന് പൊലീസ് പറഞ്ഞു. 2017ൽ ഫിറോസാപൂർ റൂറലിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ആയിരുന്നു സത്കർ കൗർ. 2022ൽ സീറ്റ് നിഷേധിച്ചതോടെ ഇവർ ബി.ജെ.പിയിൽ ചേരുകയായിരുന്നു.
                    
                                
                                        


