01 August, 2024 06:13:52 PM
വയനാടിന് കൈത്താങ്ങ്; 35 ലക്ഷം കൈമാറി മമ്മൂട്ടിയും ദുല്‍ഖറും

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മലയാളി താരങ്ങൾ. സൂപ്പർതാരം മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ കൈമാറി. ആദ്യ ഘട്ടമായി 20 ലക്ഷം രൂപയാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കൂടാതെ ദുല്‍ഖർ 15 ലക്ഷവും നൽകി. 35 ലക്ഷം ഇവര്‍ മന്ത്രി പി രാജീവിന് കൈമാറി.
എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്‍ററില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കള്‍ ഇന്ന് വയനാട്ടിലേക്ക് അയച്ചിരുന്നു. മന്ത്രി രാജീവിനൊപ്പം മമ്മൂട്ടിയും ഇതിന് നേതൃത്വം നല്‍കാന്‍ എത്തിയിരുന്നു. ഇവിടെ വച്ചാണ് മമ്മൂട്ടി 35 ലക്ഷത്തിന്‍റെ ചെക്ക് മന്ത്രി രാജീവിന് കൈമാറിയത്. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും അതിന്‍റെ ആദ്യ ഘട്ടമായാണ് ഈ തുകയെന്നും മമ്മൂട്ടി മന്ത്രിയെ അറിയിച്ചു.



