13 August, 2025 12:59:13 PM
സാന്ദ്രാ തോമസിന് തിരിച്ചടി; പത്രിക തള്ളിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിന്റെ ഹർജി തള്ളി കോടതി. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നൽകിയ പത്രിക തള്ളിയതിനെതിരെ, സാന്ദ്ര നൽകിയ ഹർജിയാണ് കോടതി തള്ളിയത്. എറണാകുളം സബ് കോടതിയുടേതാണ് നടപടി. ഇതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്ര തോമസിന് മത്സരിക്കാന്‍ സാധിക്കില്ല.
കെഎഫ്‌പിഎ നിയമങ്ങൾ അനുസരിച്ച്, പ്രധാന തസ്തികകളിൽ മത്സരിക്കുന്നതിന് സ്ഥാനാർത്ഥികൾ സ്വന്തം പേരിൽ മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. സാന്ദ്ര തന്റെ സ്വതന്ത്ര ബാനറായ സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന് കീഴിൽ രണ്ട് സർട്ടിഫിക്കറ്റുകളും, മുൻ പങ്കാളിത്തമായ ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് ഒരു സർട്ടിഫിക്കറ്റും സമർപ്പിച്ചു. ഇവ അപര്യാപ്തമാണെന്ന് റിട്ടേണിംഗ് ഓഫീസർ വിലയിരുത്തി. അവ സാന്ദ്രയുടെ വ്യക്തിഗത യോഗ്യതക്ക് അപര്യാപ്തമെന്നായിരുന്നു കണ്ടെത്തൽ.
സാന്ദ്ര തോമസിന്റെ മൂന്നു ഹർജിയും തള്ളിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി രാകേഷ് പറഞ്ഞു. സാന്ദ്ര ഉന്നയിച്ച കാര്യങ്ങൾ വ്യാജമെന്ന് തെളിഞ്ഞതായും അദ്ദേഹം പ്രതികരിച്ചു. ബൈലോ പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ടു പോയതെന്ന് വ്യക്തമായെന്ന് ജി സുരേഷ് കുമാർ പറഞ്ഞു. കോടതി കള്ളം പറഞ്ഞതാണെന്ന് സാന്ദ്ര ഇനി പറയുമോയെന്ന് ലിസ്റ്റിൻ സ്റ്റീഫൻ ചോദിച്ചു. ആരോപണങ്ങൾക്കു പിന്നിൽ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.