08 August, 2025 04:01:21 PM


റിലീസിന് മുമ്പേ 'പൊങ്കാല' സിനിമയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അസി. ഡയറക്ടര്‍ക്കെതിരെ സംവിധായകന്‍



പാലാരിവട്ടം: റിലീസിന് തയ്യാറെടുക്കുന്ന ശ്രീനാഥ് ഭാസി ചിത്രം പൊങ്കാലയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ എ ബി ബിനില്‍. സിനിമയുടെ സീനുകള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നാണ് പരാതി. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഒക്ടോബറിലാണ് റിലീസ് ചെയ്യുക. ഇതിനിടെ ചിത്രത്തിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എ്ന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിനിമയുടെ സഹസംവിധായകന്‍ ഫൈസല്‍ ഷായ്‌ക്കെതിരെ അടിയന്തരമായി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പൊങ്കാലയുടെ സംവിധായകന്‍ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെ ഫൈസല്‍ ഷാ മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നാണ് പരാതി. പത്ത് കോടിയോളം മുടക്കി ചിത്രീകരിച്ച ഈ സിനിമയുടെ റിലീസിനെ ഉള്‍പ്പെടെ ബാധിക്കുന്ന വിധത്തിലാണ് അസിസ്റ്റന്റ് ഡയറക്ടറുടെ പ്രവൃത്തിയെന്നാണ് ആരോപണം.

വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ താന്‍ ഫൈസലിനെ വിളിക്കുകയും വിഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ബിനില്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കും വരെ ദൃശ്യങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്യാന്‍ ഫൈസല്‍ തയ്യാറായില്ല. ഈ സിനിമയുടെ ഭാഗമാകുകയും ശമ്പളം സ്വീകരിക്കുകയും ചെയ്ത ആള്‍ തന്നെയാണ് ഈ രീതിയില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതെന്ന് സംവിധായകന്‍ പരാതിയില്‍ ആരോപിക്കുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K