07 August, 2025 12:40:37 PM


അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസ്; ഹൈക്കോടതിയെ സമീപിച്ച് ശ്വേതാ മേനോന്‍



കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു. 

പരാതിയും കേസും ഗൂഢലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. എഫ്‌ഐആറിലെ ബാലിശമായ വിശദാംശങ്ങൾ ചൂണ്ടികാട്ടിയും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇന്നലെ എറണാകുളം സിജെഎം കോടതിയാണ് ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. തുടർന്ന് എറണാകുളം സെന്‍ട്രൽ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5,3 വകുപ്പുകൾ പ്രകാരവും എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം. കേസ് കോടതി ഉച്ചകഴിഞ്ഞു പരിഗണിച്ചേക്കും.

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ മാസം 15നാണ് തിരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽനിന്നു തന്നെ ഉയർന്നിരുന്നു. കേസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തിരിച്ചടിയാകുമോ തുടങ്ങിയ സംശയങ്ങളും ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ശ്വേതാ മേനോൻ ഉടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിലാണ് നടി ശ്വേതാ മേനോന്റെപേരിൽ പോലീസ് കേസെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K