31 July, 2025 11:12:08 AM
അമ്മ തിരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിൻമാറി

എറണാകുളം: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറി. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരട്ടെയെന്ന നിലപാടിലാണ് ജഗദീഷിന്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറിയത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി ഇത് സംബന്ധിച്ച് ജഗദീഷ് നേരത്തെ സംസാരിച്ചിരുന്നു.
പ്രത്യേക ദൂതൻ വഴി നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അപേക്ഷ അമ്മയുടെ ആസ്ഥാനത്ത് ജഗദീഷ് എത്തിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജഗദീഷ് പത്രിക പിൻവലിച്ചതോടെ അമ്മ അധ്യക്ഷപദവിയിലെത്താനുള്ള മത്സരം ശ്വേത മേനോനും ദേവനും തമ്മിലായി.
പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേത മേനോൻ വരാനാണ് സാധ്യത. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കും. നടൻ അനൂപ് ചന്ദ്രൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പത്രിക നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നവ്യ നായർ, നാസർ ലത്തീഫ്, ലക്ഷ്മിപ്രിയ എന്നിവരും ജോയിന്റ് സെക്രട്ടറിസ്ഥാനത്തേക്ക് അൻസിബ ഹസ്സനും മത്സരിക്കുന്നുണ്ട്.