15 August, 2025 05:18:23 PM


'അമ്മ'യെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി



കൊച്ചി :  താരസംഘടനയായ അമ്മയെ നയിക്കാൻ ഇനി പെൺകരുത്ത്. ദേവനെ പിന്തള്ളി നടി ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനം വിജയിച്ചു. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ട്രെഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. അനൂപ് ചന്ദ്രനാണ് എതിർ സ്ഥാനാർത്ഥി. അമ്മയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ പ്രസിഡന്റ് ചുമതലയേൽക്കുന്നത്.

മോഹൻലാൽ സ്ഥാനമൊഴിഞ്ഞ ഇടത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നതും, ശ്വേതാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടതും. ലക്ഷ്മിപ്രിയ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും; സരയൂ, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവർ എക്സിക്യൂട്ടീവ് സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷത്തെ വോട്ടെടുപ്പ് വിവാദങ്ങളാലും ആരോപണങ്ങളാലും വാർത്തകളിൽ ഇടം നേടിയിരുന്നു. ശ്വേതാ മേനോനെതിരെ പരാതിയും കുക്കു പരമേശ്വരനെതിരെ ഉയർന്ന പ്രത്യേക ആരോപണങ്ങളും അതിൽ ഉൾപ്പെടുന്നു.
വോട്ടെടുപ്പിൽ മുതിർന്ന അഭിനേതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘാടകർ മികച്ച ശ്രമങ്ങൾ നടത്തി. മോഹൻലാൽ, ജനാർദ്ദനൻ, വത്സല മേനോൻ, ശ്രീനിവാസൻ, സലിം കുമാർ, ഇന്ദ്രൻസ്, ശ്രീരാമൻ, മല്ലിക സുകുമാരൻ, കൊല്ലം തുളസി എന്നിവർ വോട്ട് ചെയ്തിരുന്നു. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, നസ്രിയ, മഞ്ജു വാര്യർ. തുടങ്ങിയവർ വോട്ട് ചെയ്യാനെത്തിയില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K