08 July, 2025 01:19:04 PM
പരസ്യമായി ക്ഷമ ചോദിച്ച് ഷൈൻ; വിൻസിയുമായി വേദിപങ്കിട്ടു

തൃശ്ശൂർ: സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോയുടെ പക്കൽ നിന്നും മോശം അനുഭവമുണ്ടായി എന്ന് വിൻ സി നേരത്തെ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് വിൻ സി ഫിലിം ചേംബറിന് പരാതി നൽകുകയും തുടർന്ന് ഇരുവരും ഒത്തുതീർപ്പിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സൂത്രവാക്യം എന്ന സിനിമയുടെ പ്രസ് മീറ്റിൽ ഒരുമിച്ചെത്തി ഷൈനും വിൻസിയും. പ്രസ് മീറ്റിൽ വെച്ച് ഷൈൻ വിൻസിയോട് ക്ഷമ ചോദിക്കുകയും തുടർന്ന് വിവാദങ്ങൾ ഇവിടെവെച്ച് അവസാനിപ്പിക്കാമെന്നും വിൻസി പ്രതികരിച്ചു.
'സിനിമയില്‍ മാത്രമല്ല, ആളുകളെ എന്റര്‍ടൈന്‍ ചെയ്യാനായി ഫണ്‍ തീരിയിലുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യുന്നത് പലപ്പോഴും അറിയാറില്ല. എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതും. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ച് പേര്‍ അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസിലായിരുന്നില്ല, ഷൈന്‍ വിന്‍സിയോട് പറഞ്ഞു. അങ്ങനെ എന്തെങ്കിലും ഹേര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ സോറി', ഷൈന്‍ പറഞ്ഞു.
താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമെന്നും വിൻസി വ്യക്തമാക്കി. പ്രശ്‍നങ്ങൾ പരസ്‍പരം പറഞ്ഞു തീർത്തെന്നും ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.
വിവാദങ്ങൾക്ക് ശേഷം നടൻ ഷൈൻ ടോം ചാക്കോയും നടി വിൻസി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് ഇത്. അതേസമയം, ജൂലൈ 11 ന് ആണ് സൂത്രവാക്യം തിയേറ്ററുകളിൽ എത്തുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷെെന്‍ ടോം ചാക്കോ എത്തുന്നത്.