06 May, 2024 09:21:32 AM
ചെങ്ങന്നൂരിൽ മൃതദേഹവുമായി പോയ ആംബുലൻസിനു തീ പിടിച്ചു; ദുരന്തം ഒഴിവായി

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ മൃതദേഹവുമായി പോയ ആംബുലൻസിനു തീ പിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമൊഴിവായി. ആലാ നെടുവരംകോട് എസ്.എൻ.ഡി.പി. ശാഖയുടെ പ്രവാസി അസോസിയേഷൻ്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിനാണ് തീ പടർന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
ആലായിൽ നിന്നും മൃതദേഹം ചെങ്ങന്നൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനായി കൊണ്ടുപോകുകയായിരുന്നു. പുലിയൂർ-ചെങ്ങന്നുർ റോഡിൽ പേരിശ്ശേരി ഓർത്തഡോക്സ് പള്ളിയുടെ കുരിശടിക്കു സമീപം എത്തിയപ്പോൾ ബാറ്ററിയിൽ നിന്നും പുകയും തീയും ഉയർന്നു.
ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങി വാഹനത്തിലൊപ്പമുണ്ടായിരുന്ന ബന്ധുക്കളെയും കൂട്ടി മൃതദേഹം അതിവേഗത്തിൽ റോഡിലിറക്കി വെച്ചു. ഇതിനിടെ വിവരമറിയിച്ചതനുസരിച്ച് ചെങ്ങന്നൂരിൽ നിന്നും അഗ്നിരക്ഷാസേനയും പൊലിസും നാട്ടുകാരും ചേർന്ന് തീയണച്ചു. തുടർന്ന് മറ്റൊരു ആംബുലൻസിൽ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.
                    
                                
                                        


