10 April, 2024 04:42:12 PM
കനത്ത ചൂട്: അഭിഭാഷകർക്ക് ഇത്തിരി ആശ്വാസം; കറുത്ത കോട്ടുകള്‍ ഒഴിവാക്കാം

കൊച്ചി: കനത്ത വേനല്‍ ചൂടില്‍ കേരളത്തിലെ അഭിഭാഷകർക്ക് ചെറിയൊരു ആശ്വാസം. ഈ ചൂടില്‍ ഇനി കറുത്ത കോട്ട് ധരിച്ചില്ലെങ്കിലും പ്രശ്നമില്ല. കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് താത്ക്കാലികമായി ഒഴിവാക്കുന്നതിന് ഹൈക്കോടതി പ്രമേയം പാസ്സാക്കി. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് ഫുൾ കോർട്ട് കോടതിയുടെ പ്രമേയം.
ഉയർന്ന ചൂടും കറുത്ത കോട്ടില്‍ അഭിഭാഷകർ അനുഭവിക്കേണ്ടി വരുന്ന അസ്വസ്ഥതയും കണക്കിലെടുത്താണ് തീരുമാനം. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമല്ല. മെയ് 31 വരെ ഈ നിർദ്ദേശം പ്രാബല്യത്തിൽ ഉണ്ടായിരിക്കും.
വേനല്‍ ചൂടില്‍ കേരളം വെന്തുരുകുകയാണ്. കേരളത്തിൽ ഇന്നും നാളെയും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രിയും കൊല്ലം ജില്ലയിൽ 40 ഡിഗ്രിയും വരെയും ചൂട് ഉയരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലാണ് നിലവില്‍ ചൂട് കുറവ് അനുഭവപ്പെടുന്നത്.




