26 August, 2026 03:35:55 PM
കാർ ഇടിച്ച് കാല്‍നട യാത്രക്കാരനായ കോളജ് വിദ്യാർഥി മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് കാല്‍നടയാത്രക്കാരനായ കോളജ് വിദ്യാർഥി മരിച്ചു . സഹപാഠിയായ മറ്റൊരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. മയ്യില്‍ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിലിന് (21) പരുക്കേറ്റു. ഇയാളെ പരിയാരത്തുള്ള ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുമ്പയിലെ പെട്രോള്‍ പമ്പിന് സമീപം ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. കൊല്ലത്തെ വാദിസിയ കോളജ് വിദ്യാർഥികളായ ഇരുവരും നബിദിന അവധിക്കായി നാട്ടിലേക്ക് വരികയായിരുന്നു. തീവണ്ടിയില്‍ ഉറങ്ങിപ്പോയതിനെ തുടർന്ന് കണ്ണൂരില്‍ ഇറങ്ങേണ്ട ഇവർ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങിയത്. തുടർന്ന് ടൗണിലെത്തിയ ശേഷം ദേശീയപാത വഴി നാട്ടിലേക്ക് പോകുന്നതിനായി പെരുമ്പയിലേക്ക് നടന്നുപോകുന്നതിനിടെയാണ് പിന്നില്‍ നിന്നുമെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിന് ശേഷം നിർത്താതെ പോയ കാർ തൊട്ടടുത്ത് വച്ച് ഒരു സ്‌കൂട്ടറിനെയും ഇടിച്ചിട്ടു. അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഷാഹിദിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. മയ്യില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സക്കീനയുടെയും മകനാണ് മരിച്ച ഷാഹിദ്. ഫാത്തിമയാണ് സഹോദരി. നിരത്തുംപാലം എസ്.എസ്.എഫ്. യൂണിറ്റ് ജനറല്‍ സെക്രട്ടറിയായിരുന്നു.


