30 July, 2026 01:08:21 PM


ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്



മലപ്പുറം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിന്റെ മകൻ സെൽബിൻ (24) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന പടിഞ്ഞാറെത്തറ ദാസന്റെ മകൻ അമൽ (29) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

കുറ്റിപ്പുറം–തൃശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് മുൻവശത്ത് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. വയനാട് സ്വദേശികളായ സെൽബിനും അമലും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ സമീപത്തെ സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല. 

ഗുരുതരമായി പരിക്കേറ്റ അമലിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സെൽബിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920