29 July, 2026 09:49:20 AM


പെണ്‍കുട്ടിയുടെ മുറിയില്‍ യുവാവ് അതിക്രമിച്ചു കയറി; വീട്ടുകാര്‍ പൂട്ടിയിട്ടു; കൂട്ടുകാരെത്തി രക്ഷപ്പെടുത്തി



കോഴിക്കോട്: താമരശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ യുവാവ് അതിക്രമിച്ച് കയറി. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ യുവാവിനെ അതേ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നു. ഇതേതുടർന്ന് യുവാവ് ഫോൺ വിളിച്ച് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയ യുവാവിനെതിരെ പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. അടിവാരം പള്ളിയാല സ്വദേശി 19കാരന്‍ മിസ്ബാഹുലിനെതിരെയാണ് പോക്‌സോ ചുമത്തിയത്. മിഷ്ബാഹുലിനെയും സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്മിൽ, വി.കെ. ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നു ബൈക്കുകളിലായി സുഹൃത്തുക്കള്‍ എത്തി. പിന്നാലെ ഇവര്‍ വീട്ടിനുള്ളില്‍ കയറി അതിക്രമം കാണിക്കുകയും വീട്ടുകാരെ ആക്രമിക്കുകയും യുവാവിനെ ബലമായി കൊണ്ടുപോകുകയും ചെയ്തു. വീട്ടുകാരുടെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെയാണ് കേസ്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം, മര്‍ദനം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K