15 June, 2026 08:33:05 PM


കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു



കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. തിക്കോടിയിൽ ആണ് രോഗബാധ സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ നിന്ന് വന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ആണ് രോഗം ബാധിച്ചത്. മെയ് അവസാനവാരമാണ് മധ്യപ്രദേശ് സ്വദേശി കോഴിക്കോട് എത്തിയത്. ജൂൺ എട്ടിന് പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ചു. പിന്നാലെ സാമ്പിൾ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങള്‍

പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്.

പ്രതിരോധ മാര്‍ഗങ്ങള്‍

കൊതുകുകടി ഏല്‍ക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകള്‍ ശുദ്ധജലത്തില്‍ മുട്ടയിട്ട് വളരുന്നതിനാല്‍ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291