27 February, 2026 07:54:04 PM
അത്യാധുനിക നേത്രചികിത്സാ സൗകര്യങ്ങളുമായി 'ദി ഐ ഫൗണ്ടേഷൻ' തൃശുരിലേക്ക്
പി.എം. മുകുന്ദൻ

തൃശൂർ: ദക്ഷിണേന്ത്യയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി നേത്ര ആശുപത്രി ശൃംഖലയായ 'ദി ഐ ഫൗണ്ടേഷൻ' തങ്ങളുടെ ഇരുപത്തിയേഴാമത് ഹോസ്‌പിറ്റൽ തൃശൂരിൽ ആരംഭിക്കുന്നു. കൂർക്കഞ്ചേരിയിൽ ഈ അത്യാധുനിക ഹോസ്‌പിറ്റൽ സജ്ജമാക്കിയിരിക്കുന്നത് ഗുണമേന്മയുള്ള നേത്രചികിത്സ താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നേത്രരോഗ വിദഗ്‌ധൻ ഡോ. ഡി. രാമമൂർത്തി പറഞ്ഞു.
തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ 2026 മാർച്ച് 1 ഞായറാഴ്‌ച ഉദ്ഘാടനം ചെയ്യും. കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ മുഖ്യാതിഥിയായിരിക്കും. തൃശൂർ ഐ.എം.എ പ്രസിഡൻ്റ് ഡോ. ബേബി തോമസ്, എലൈറ്റ് മിഷൻ ഹോസ്‌പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. കെ.സി. പ്രകാശൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ദേശീയ ഗുണനിലവാര മാനദണ്ഡമായ എൻ.എ.ബി.എച്ച് പ്രകാരം വിഭാവനം ചെയ്ത് 15,000 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഈ ചികിത്സാ സമുച്ചയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, ഏഴ് കൺസൾട്ടേഷൻ റൂമുകൾ, പന്ത്രണ്ട് ഒപ്റ്റോമെട്രി ലെയ്‌നുകൾ, പ്രത്യേക ഒഫ്‌താൽമിക് ലാബ്, ഏഴ് എക്സിക്യൂട്ടീവ് ഇൻ-പേഷ്യൻ്റ് റൂമുകൾ, പത്ത് ഡേ കെയർ യൂണിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നൂതന ലേസർ തിമിര ശസ്ത്രക്രിയ, കാഴ്‌ച വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലാസിക് വർക്ക്സ്റ്റേഷൻ, വിട്രിയോ-റെറ്റിനൽ രോഗങ്ങൾക്കുള്ള അത്യാധുനിക ചികിത്സ, ഗ്ലോക്കോമ, കോർണിയ, പീഡിയാട്രിക് ഒഫ്‌താൽമോളജി, സ്ക്വിന്റ്, മയോപിയ ക്ലിനിക്കുകൾ തുടങ്ങി സമഗ്രമായ സേവനങ്ങൾ ലഭ്യമാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂർ നിവാസികൾക്കായി ആദ്യ രണ്ട് മാസത്തേക്ക് സൗജന്യ നേത്രപരിശോധനയും കൺസൾട്ടേഷനും വാഗ്‌ദാനം ചെയ്യുന്നതായും മാനേജ്‌മെന്റ് അറിയിച്ചു. ഡോക്ടർമാർ, ഒപ്റ്റോമെട്രിസ്റ്റുകൾ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്കായി വിപുലമായ പരിശീലന പദ്ധതികൾ ആശുപത്രിയുടെ അക്കാദമിക് വിഭാഗം നൽകിവരുന്നു. ആൾ ഇന്ത്യ ഒഫ്‌താൽമോളജിക്കൽ സൊസൈറ്റിയുടെ മുൻ പ്രസിഡന്റും സയന്റിഫിക് കമ്മിറ്റി ചെയർമാനുമായിരുന്ന ഡോ. ഡി. രാമമൂർത്തിയും, AIOS അക്കാദമിക് റിസർച്ച് കമ്മിറ്റി ചെയർപേഴ്സണായിരുന്ന മെഡിക്കൽ ഡയറക്ടർ ഡോ. ചിത്ര രാമമൂർത്തിയും ശാസ്ത്രീയ പഠനങ്ങളെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായ പങ്കുവഹിക്കുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മുപ്പത് ലക്ഷത്തിലധികം രോഗികൾക്ക് കാഴ്ചയുടെ വെളിച്ചം നൽകിയ പാരമ്പര്യമാണ് ഐ ഫൗണ്ടേഷനുള്ളതെന്ന് ഡോ. ഡി. രാമമൂർത്തി പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയും 140-ലധികം വിദഗ്‌ധ ഡോക്ടർമാരുടെ സേവനവും ആശുപത്രിയുടെ പ്രത്യേകതയാണ്. ഒപ്പം 'നേത്ര ജ്യോതി ട്രസ്റ്റ്' വഴി സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയകളും ഉറപ്പാക്കുന്ന സാമൂഹിക പ്രതിബദ്ധതയും സ്ഥാപനം കാത്തുസൂക്ഷിക്കുന്നു. മെഡിക്കൽ റെക്കോർഡുകൾ ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ശൃംഖലയിലെ ഏത് ആശുപത്രിയിൽ നിന്നും രോഗികൾക്ക് വിദഗ്‌ധ സേവനം ലഭ്യമാക്കാനും സാധിക്കും.




