27 May, 2026 01:00:44 PM
എബോള മുന്നറിയിപ്പ്: ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയ യുവതി ഐസൊലേഷനിൽ

ബംഗളൂരു: എബോള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യത്തു നിന്നും ബംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതിയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയിൽ നിന്നു വന്ന 28-കാരിയെയാണ് എബോള പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചശേഷം ക്വാറന്റീനിലാക്കിയത്. ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിലാണ് ഐസൊലേഷനിലാക്കിയത്.
രോഗബാധ സംബന്ധിച്ച ആഗോള മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. യുവതിക്ക് ക്ഷീണം, ശരീരവേദന തുടങ്ങിയവ അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെംപഗൗഡ എയർപോർട്ട് അധികൃതർ എബോള പരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ തീരുമാനിച്ചത്. ഇവ പരിശോധനയ്ക്കായി പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു.
യുവതിയുടെ സാംപിൾ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നാണ് റിപ്പോർട്ട്. രാജ്യത്ത് അതുവരെ ആർക്കും എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെയും ഉഗാണ്ടയിലെയും ഉണ്ടായ എബോള രോഗബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന മെയ് 17-ന് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ (PHEIC) പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എബോള ബാധിച്ച രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തുന്നവരോട് യാത്ര കഴിഞ്ഞ് 21 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിന് വിധേയരാകാൻ കേന്ദ്ര ആരോഗ്യമന്താലയം നിർദേശിച്ചിട്ടുണ്ട്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ എബോള വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.




