14 October, 2026 11:02:11 AM
അപൂർവ്വങ്ങളിൽ അപൂർവ്വം: ഒഡിഷയിൽ രണ്ട് തലകളുമായി കുഞ്ഞ് ജനിച്ചു

ഭുവനേശ്വര്: ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ അതീവ അപൂർവ്വമായ ജനനം. രണ്ട് തലകളുമായി ജനിച്ച നവജാത ശിശുവിനെ ബെർഹംപൂരിലെ എം.കെ.സി.ജി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 10 ശനിയാഴ്ച സിസേറിയനിലൂടെയാണ് കുഞ്ഞ് പിറന്നത്. ആറ് ലക്ഷത്തോളം ജനനങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അപൂർവ്വ പ്രതിഭാസം വൈദ്യശാസ്ത്ര ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്.
വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നറിയപ്പെടുന്ന അവസ്ഥയാണിത്. ഒരൊറ്റ ശരീരത്തിൽ രണ്ട് തലകളും കഴുത്തുകളും ഘടിപ്പിച്ചിരിക്കുന്ന അപൂർവ്വ ജന്മമാണിത്. കന്ധമാൽ തുമുദിബന്ദ് പ്രദേശം സ്വദേശികളായ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്. ദിവസവേതനക്കാരനായ തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. 32 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോഴാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഒരു ജോടി കൈകാലുകളും ആൺകുട്ടികളുടെ ജനനേന്ദ്രിയവുമുണ്ട്. എങ്കിലും കുഞ്ഞിന്റെ ആന്തരിക അവയവങ്ങളുടെ ഘടനയും ആരോഗ്യസ്ഥിതിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡോക്ടർമാർ പുറത്തുവിട്ടിട്ടില്ല. എം.കെ.സി.ജി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ് കുഞ്ഞ് ഇപ്പോൾ കഴിയുന്നത്.



