02 September, 2026 01:07:40 PM


ആ​ന്ധ്രയിൽ മലേറിയ പ്രതിരോധ ​ഗുളിക കഴിച്ച 7 വയസുകാരി മരിച്ചു; 50 പേര്‍ ചികിത്സയിൽ



ഹൈദരാബാദ്: മലേറിയ പ്രതിരോധത്തിനായി വിതരണം ചെയ്ത ഗുളിക കഴിച്ചതിന് പിന്നാലെ ഏഴ് വയസുകാരി മരിച്ചതായി ആരോപണം. ക്ലോറോക്വിന്‍ ഗുളിക കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പോളവാരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം. മരുന്ന് കഴിച്ച 50 പേര്‍ നിലവില്‍ ആശുപത്രിയിലും പ്രാദേശിക ആരോഗ്യകേന്ദ്രത്തിലുമായി ചികിത്സയിലാണ്. കുട്ടിയുടെ മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

തെലങ്കാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗൊല്ലഗുപ്പ ഗ്രാമത്തില്‍ 71 പേര്‍ക്കാണ് മലേറിയ പ്രതിരോധത്തിന്റെ ഭാഗമായി ക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കിയത്. മരുന്ന് കഴിച്ചതിന് പിന്നാലെ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് 29 പേരെ തെലങ്കാനയിലെ ആശുപത്രിയിലേക്കും 24 പേരെ പ്രാദേശിക ആരോഗ്യകേന്ദ്രത്തിലേക്കും മാറ്റി.

മരിച്ച മദിവി ജമുന (7) രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ചികിത്സയ്ക്കിടെയാണ് കുട്ടി മരിച്ചത്. മറ്റ് രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ ദിനേശ് കുമാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മൂന്ന് ശിശുരോഗ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ ജില്ലാ ഭരണകൂടം മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പും ആരംഭിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി സംസാരിച്ചു. സംഭവത്തിന്റെ സാഹചര്യം, രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ, നിലവിലെ ആരോഗ്യനില എന്നിവ സംബന്ധിച്ച വിശദാംശങ്ങളും അദ്ദേഹം തേടിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303