17 December, 2025 10:29:51 AM
മധ്യപ്രദേശിൽ രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവി ബാധ

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച ആറ് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. സത്‌ന ജില്ലാ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തലാസീമിയ എന്ന ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടും പതിനാലും വയസ്സിന് ഇടയിലുള്ള കുട്ടികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. തലാസീമിയ ബാധിച്ചവർക്ക് ഇടയ്ക്കിടെ രക്തം നൽകേണ്ടതുണ്ട്. ഇങ്ങനെ രക്തം സ്വീകരിച്ച കുട്ടികളിലാണ് രോഗബാധ ഉണ്ടായത്. നാല് മാസം മുൻപാണ് കുട്ടികൾ ഈ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ചത് എന്നാണ് വിവരം. എന്നാൽ ഹോസ്പിറ്റലിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇവർക്ക് പുറമെ ഒരു മൂന്ന് വയസുകാരിക്കും എച്ച്ഐവി സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളും പോസിറ്റീവ് ആണ്. ഇവരിൽ നിന്നാകാം കുട്ടിയും പോസിറ്റീവ് ആയത് എന്നാണ് നിഗമനം.




