01 December, 2025 11:17:21 PM


ആയുർവേദത്തിന്‍റെ അനന്ത സാധ്യതകൾ ആഗോളതലത്തിൽ പ്രചരിപ്പിക്കണം - മന്ത്രി കെ.രാജൻ

- പി.എം.മുകുന്ദന്‍



തൃശൂർ: രോഗനിർമൂലനം പോലെ രോഗപ്രതിരോധവും ആയുർവേദത്തിൽ തുല്യപ്രാധാന്യമുള്ളതാണെന്ന് ലോകത്തിനുമുന്നിൽ വേണ്ടത്ര പ്രചരിപ്പിക്കാൻ നമുക്കു സാധിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. എമർജൻസി സിറ്റുവേഷൻ എങ്ങനെ മാനേജ് ചെയ്യണമെന്നത് വളരെ വ്യക്തമായി ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്‍റെ പ്രയോഗം ഇന്ന് വളരെ പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.എ ഔഷധശാലയുടെ സ്ഥാപകനായ അഷ്ടവൈദ്യൻ തൃശ്ശൂർ തൈക്കാട്ട് ഉണ്ണി മൂസ്സിന്‍റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച്  ഔഷധശാലാസ്ഥാപകദിനം 'ഉണ്ണിമൂസ്സ് ദിനം' ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 


5000 വർഷത്തോളം പാരമ്പര്യമുള്ള ആയുർവേദം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളൈ ചർച്ചക്ക് വിധേയമാക്കി ന്യൂനതകൾ പരിഹരിച്ച് ഇതിന്‍റെ അനന്തസാധ്യതകളെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു. എസ് എൻ എ മാനേജിങ്ങ് ഡയറക്‌ടർ അഷ്‌ടവൈദ്യൻ പി ടി എൻ വാസുദേവൻ മൂസ്സിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കേന്ദ്ര ആയുഷ് വകുപ്പുമന്ത്രി ജാദവ് പ്രതാപ് റാവു ഗൺപത് റാവു ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ആയുർവേദിക് പോയിന്‍റ് ഇറ്റലി ഡയറക്‌ടർ ഡോ അൻറോണിയോ മൊറാന്‍റി ഉണ്ണിമൂസ്സ് അനുസ്മരണ പ്രഭാഷണം നടത്തി. 


ഒരു നൂറ്റാണ്ടിലധികമായി ആയുർവേദ മേഖലയുടെ വളർച്ചക്കും ആധുനികവൽക്കരണത്തിനും നിർണ്ണായകപങ്കുവഹിച്ച, ഡാബർ, ദുത്പാപേശ്വർ, ബൈദ്യനാഥ്, കോട്ടക്കൽ ആര്യവൈദ്യശാല എന്നീ സ്ഥാപനങ്ങളെ നയിക്കുന്ന മോഹിത് മൽഹോത്ര, രഞ്ജിത് പുരാണിക്, പ്രമോദ് ശർമ, ഡോ പി എം വാരിയർ എന്നിവരേയും, തൃശ്ശൂരിൽ ആദ്യമായി ആയുർവേദ മരുന്നുൽപാദനവും വ്യാപാരവും നടത്തിയിരുന്ന ഇമ്മട്ടി വൈദ്യശാല കുടുംബാംഗമായ രഞ്ജിത് ഇമ്മട്ടിയെയും മന്ത്രി കെ രാജൻ ആദരിച്ചു. എം.എസ്.എം.ഇ-ഡി.എഫ്.ഒ തൃശൂർ അഡീഷണൽ ഡയറക്ടർ ലചിതമോൾ, എസ്.എൻ.എ സിഇഒയും ആയുഷ് എക്‌സിൽ മെമ്പറുമായ ശ്രീധർ രാമനാഥൻ, എസ് എൻ എ ഡയറക്‌ടർ അഞ്ജലി പി വി എന്നിവര്‍ പ്രസംഗിച്ചു.


വിവിധ വിഷയങ്ങളിൽ നടന്ന ദേശീയ സെമിനാറുകളിൽ ആദരിക്കപ്പെട്ട വ്യവസായപ്രമുഖരോടൊപ്പം അഷ്‌ടവൈദ്യൻ എ എൻ നാരായണൻ നമ്പി (എസ് എൻ എ അക്കാദമിക് ഡയറക്‌ടർ), ഡോ രമേഷ് വാരിയർ (മാനേജിംഗ് ഡയറക്‌ടർ എ വി എൻ ആയുർവേദ, മധുരൈ) ഡോ എം വി വിനോദ്കുമാർ (വി പി എസ് വി ആയുർവേദ കോളേജ്, കോട്ടക്കൽ), ഡോ അന്‍റോണിയോ മൊറാന്‍റി (സിഇ.ഒ & ഡയറക്ട‌ർ ആയുർവേദിക് പോയിന്‍റ് ഇറ്റലി), കെ ഹരികുമാർ (സി.ഇ.ഒ., ആര്യവൈദ്യശാല കോട്ടക്കൽ), ഡോ ഡി രാമനാഥൻ (മാനേജിംഗ് ഡയറക്ടർ, സിതാറാം ആയുർവേദ & ആയുഷ് എക്‌സിൽ മെംബർ), ഡോ കിയാരാ മരിയാനി (സയന്‍റിഫിക് അഡൈ്വസർ, ആയുർവേദിക് പോയന്‍റ് ഇറ്റലി), ശ്രീധർ രാമനാഥൻ (സി.ഇ.ഒ, എസ്.എൻ.എ & മെംബർ, ആയുഷ് എക്‌സിൽ) എന്നിവരും പങ്കെടുത്തു. ഡോ ജിതേഷ് എം കെ (കോട്ടക്കൽ ആര്യവൈദ്യശാല) മോഡറേറ്ററായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939