07 July, 2026 01:25:10 PM
കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, മനുഷ്യ നിർമിതമെന്ന് മന്ത്രി ടി സിദ്ദിഖ്

മേപ്പാടി: വയനാട് മേപ്പാടി കള്ളാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. അപകടം മനുഷ്യ നിര്‍മിതമാണെന്നും സ്വാഭാവിക മണ്ണിടിച്ചിലല്ലെന്നും മന്ത്രി ടി സിദ്ദിഖ്. തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടുണ്ടായ വലിയ ദുരന്തമാണിതെന്നും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. റവന്യു മന്ത്രിയും താനും വയനാട്ടിലേക്ക് പോകുകയാണെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മിംസ് ആശുപത്രിയില്‍ ആറുപേര്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു. കിരണ്‍ കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ്, രജനീഷ്, തന്മയി ഘോഷ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് നല്ല ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു.
എന്‍ഡിആറെഫിന്റെ കോഴിക്കോട്, വയനാടുള്ള ടീമുകള്‍ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. ജില്ലാ കളക്ടറും സ്ഥലത്തെത്തി. ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ ശേഖര്‍ കുര്യാക്കോസ് ഏകോപിപ്പിച്ച് വരികയാണ്. ഫയര്‍ ഫോഴ്‌സും പരിശോധനകള്‍ നടത്തുകയാണ്. തുരങ്കപാത നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് കൂട്ടിയിട്ടത് അശാസ്ത്രീയമാണെന്ന് തങ്ങള്‍ തുടക്കത്തില്‍ തന്നെ കൊങ്കണ്‍ അധികൃതരുടെ മീറ്റിങില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. ദുരന്തത്തിലേക്ക് നയിച്ച വീഴ്ച സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി.




