28 May, 2026 12:30:06 PM
കര്‍ണാടകയിൽ നേതൃമാറ്റം; മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു

ബംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിൽ ദിവസങ്ങളായി നിലനിന്നിരുന്ന ഭരണമാറ്റ അഭ്യൂഹങ്ങൾക്ക് ഒടുവിൽ പൂർണ്ണ വിരാമം. ഡികെ ശിവകുമാറിന് മുഖ്യമന്ത്രി പദവിയിലേക്കുള്ള വഴിതുറന്ന് നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ഔദ്യോഗിക രാജി പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാവിലെ സ്വന്തം വസതിയിൽ വെച്ച് മന്ത്രിമാർക്കായി അദ്ദേഹം ഒരുക്കിയ പ്രത്യേക പ്രഭാതഭക്ഷണ യോഗത്തിലാണ് നാടകീയമായ ഈ പ്രഖ്യാപനമുണ്ടായത്. വരും ദിവസങ്ങളിൽ ഡികെ ശിവകുമാറിനെ പൂർണ്ണമായി പിന്തുണച്ച് ഒപ്പം നിൽക്കാൻ സിദ്ധരാമയ്യ യോഗത്തിൽ പങ്കെടുത്ത എല്ലാ മന്ത്രിമാരോടും ഔദ്യോഗികമായി ആവശ്യപ്പെട്ടു.
പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിമാർ മുഴുവൻ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്നും മടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തന്നെ തന്റെ രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് നിലവിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇൻഡോറിലാണെങ്കിലും രാജ്ഭവൻ സെക്രട്ടറി വഴി രാജി കൈമാറാനാണ് സിദ്ധരാമയ്യയുടെ തീരുമാനം.
ഭരണമാറ്റ വാർത്തകൾ പുറത്തുവന്നതോടെ ഉപമുഖ്യമന്ത്രിയും പുതിയ മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെടുകയും ചെയ്ത ഡികെ. ശിവകുമാറിന്റെ ബംഗളൂരുവിലെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ വലിയ രീതിയിലുള്ള ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്രവർത്തകർ കൂട്ടത്തോടെ മുദ്രാവാക്യം വിളിക്കുകയും പരസ്പരം മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയുമാണ്.
കോൺഗ്രസ് പാർട്ടിക്കായി സ്വന്തം ജീവിതം സമർപ്പിച്ച നേതാവാണ് ഡി.കെ. ശിവകുമാറെന്നും അദ്ദേഹം നൂറ് ശതമാനവും മുഖ്യമന്ത്രി പദവിക്ക് അർഹനാണെന്നും അണികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സിദ്ധരാമയ്യയും ഡികെ.ശിവകുമാറും മനുഷ്യന്റെ രണ്ട് കണ്ണുകൾ പോലെയാണ് കർണ്ണാടകത്തിൽ കോൺഗ്രസിനെ നയിച്ചതെന്നും ഈ വലിയ അധികാരക്കൈമാറ്റം വിജയകരമായി പൂർത്തിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും നന്ദി അറിയിക്കുന്നുവെന്നും വസതിക്ക് മുന്നിൽ തടിച്ചുകൂടിയ അണികൾ വ്യക്തമാക്കി.
സിദ്ധരാമയ്യ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവായതിനാല്‍ രണ്ടരവര്‍ഷം എന്ന ഹൈക്കമാന്റിന്റെ ധാരണയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം വര്‍ഷം ആരംഭിച്ചത് മുതല്‍ക്കുതന്നെ നേതൃമാറ്റ ചര്‍ച്ചകള്‍ ഡികെ പക്ഷം സജീവമാക്കി. കഴിഞ്ഞ നവംബറില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ തയ്യാറായില്ല. ഡികെ പക്ഷം ആവശ്യം ശക്തമാക്കിയതോടെ ദളിത് മുഖ്യമന്ത്രി എന്ന ആവശ്യം ചര്‍ച്ചയാക്കി നേതൃത്വത്തെ സിദ്ധരാമയ്യ പക്ഷം വെട്ടിലാക്കി.




