14 May, 2026 04:17:40 PM
കെ സിയെ വെറുക്കപ്പെട്ടവനാക്കി, ഒറ്റപ്പെടുത്തി ആക്രമിച്ചു; ആഞ്ഞടിച്ച് പഴകുളം മധു

തിരുവനന്തപുരം: എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാജ പ്രചരണം നടന്നതില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും നിയുക്ത എംഎല്‍എയുമായ പഴകുളം മധു. കെ സി വേണുഗോപാലിനെ വെറുക്കപ്പെട്ടവന്‍ ആക്കിയെന്ന് പഴകുളം മധു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സംഘടിത ആക്രമണം നടന്നെന്നും യോഗ്യനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയെന്നും പഴകുളം പറഞ്ഞു.
'ചില കേന്ദ്രങ്ങളില്‍ നിന്ന് കെ സിക്കെതിരെ ക്യാമ്പയിന്‍ നടത്തി. മോശം നേതാവായി ചിത്രീകരിച്ചു. ഇതിനെതിരെ അന്വേഷണം വേണം. വി ഡി സതീശന്‍ ആദ്യം തള്ളിപ്പറയേണ്ടത് ഇത്തരം നടപടികളെയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. കെസിക്കെതിരെ കൃത്രിമ പൊതുജന അഭിപ്രായം സൃഷ്ടിച്ചു. കെസിക്കെതിരെ സംഘടിത നീക്കം ഉണ്ടായി', പഴകുളം മധു പറഞ്ഞു.
പാര്‍ട്ടിക്കുവേണ്ടി ത്യാഗം സഹിച്ച നേതാവാണ് കെസി വേണുഗോപാലെന്നും പഴകുളം മധു പറഞ്ഞു. ജനം കാര്യങ്ങള്‍ തിരിച്ചറിയുമെന്നും കെ സി വേണുഗോപാലിനെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ അന്വേഷണം വേണമെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.
വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ച പഴകുളം മധു, എംഎൽഎമാരുടെ പൊതുവികാരത്തിന് വിരുദ്ധമാണ് ഈ പ്രഖ്യാപനമെന്ന സൂചനയാണ് നൽകിയത്. ഏത് ഘടകമാണ് ഹൈക്കമാൻഡിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി സതീശൻ മുഖ്യമന്ത്രിയായി വരുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കെ.സിക്കെതിരെ നടന്ന ഈ സംഘടിത നീക്കത്തെക്കുറിച്ച് അന്വേഷിക്കുക എന്നത് പുതിയ മുഖ്യമന്ത്രിയുടെ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്നായി കാണണമെന്നാണ് പഴകുളം മധു പറഞ്ഞത്.




