11 May, 2026 04:59:12 PM
നാലാള് കൂടുന്നിടത്ത് പോകാൻ പറ്റുന്നില്ല- മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ലീഗിന് കടുത്ത അതൃപ്തി

മലപ്പുറം: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ്. വോട്ടർമാരോട് മറുപടി പറയാൻ കഴിയുന്നില്ലെന്ന് അബ്ദുൽ ഹമീദ് മാസ്റ്റർ. എംഎൽഎമാരുടെ വിജയാഹ്‌ളാദപ്രകടനം പോലും നടത്താൻ പറ്റുന്നില്ല. നാലാള് കൂടുന്നിടത്ത് പോകാൻ പറ്റാത്ത അവസ്ഥ. ഇങ്ങനെ നീണ്ടുപോകാൻ കഴിയില്ലെന്നും അബ്ദുൽ ഹമീദ് മാസ്റ്റർ വ്യക്തമാക്കി.
യുഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷം ഒരുപാട് കാര്യങ്ങൾ ചെയ്തെടുക്കാൻ ഉണ്ട്. ജനങ്ങൾ തന്ന വിജയം മറന്ന് പ്രവർത്തിച്ചുകൂടാ. ഇത്രയും വലിയ വിജയം വേണ്ടിയിരുന്നില്ല എന്ന് വരെ ജനങ്ങൾ ചിന്തിച്ചു തുടങ്ങി. ഇനി ആഘോഷം ഒന്നും വേണ്ട എന്ന നിലപാടിലാണ് വോട്ടർമാർ. ഇനി മുഖ്യമന്ത്രി വന്നിട്ട് മതി ആഘോഷം എന്നാണ് അണികൾ പറയുന്നതെന്നും അബ്ദുൽ ഹമീദ് മാസ്റ്റർ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനകൾ യുഡിഎഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കും. യുഡിഎഫിന് വോട്ട് ചെയ്തവർക്ക് നിരാശ ഉണ്ടാക്കുന്ന ചർച്ചയാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത്തരം നടപടികളിലേക്ക് കോൺഗ്രസ് പോകരുതായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിനെ നയിക്കുന്ന നേതാക്കളാണ് ഇത്തരം ചർച്ചകൾ നടത്തുന്നത്.
ഇത്തരം ചർച്ചകൾ ഉണ്ടാകുമ്പോൾ ഒതുക്കി തീർക്കേണ്ട നേതാക്കൾ തന്നെയാണ് പരസ്യപ്രസ്താവന നടത്തുന്നത്. കഴിഞ്ഞ പത്തുകൊല്ലം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചവരാണ് യുഡിഎഫ് പ്രവർത്തകർ. നിയമസഭയിലേക്ക് മത്സരിക്കാത്ത ആളെ മുഖ്യമന്ത്രി ആക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണ്. രാഹുൽ ഗാന്ധിക്ക് കേരളത്തിലെ സ്ഥിതി അറിയാമല്ലോ.
ഹൈക്കമാൻഡ് തീരുമാനം എന്തായാലും ലീഗ് അംഗീകരിക്കുമെന്നും പി അബ്ദുൽ ഹമീദ് എംഎൽഎ പറഞ്ഞു. ഉപ മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ലീഗിന് കണ്ടറിഞ്ഞു നൽകും. അങ്ങോട്ട് പോയി പദവി ആവശ്യപ്പെടില്ല. കോൺഗ്രസുമായുള്ളത് ഏറെ കാലത്തെ ബന്ധമാണ്. ആ ബന്ധത്തിൽ ഉലച്ചിൽ തട്ടുന്ന തീരുമാനം കോൺഗ്രസിൽ നിന്നുണ്ടാകില്ലെന്നും അബ്ദുൽ ഹമീദ് പ്രതികരിച്ചു.




