07 May, 2026 01:23:25 PM


'മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റൊരു സ്ഥാനത്തേക്കുമില്ല'; നിലപാട് കടുപ്പിച്ച് വി.ഡി സതീശന്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായി നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ വേറൊന്നും വേണ്ടെന്നും മറിച്ചായാൽ മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. മന്ത്രി പദവി മാത്രമായി വേണ്ടെന്നും മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ എം എൽ എ മാത്രമായി തുടരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

വി ഡി സതീശൻ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് ച‌ർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് വി ഡി സതീശൻ നിലപാട് കടുപ്പിച്ചത്. നിലവിൽ വി ഡി സതീശനും കെ സി വേണു​ഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരയ്ക്കായി സജീവയമായി രം​ഗത്തുണ്ട്. അതിനിടെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എഐസിസി നിരീക്ഷകര്‍ക്ക് കത്ത് നൽകി.

അതേസമയം മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് ലത്തീന്‍സഭയും കെപിഎംഎസും മുസ്‌ലിം ലീഗും. ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര  പറഞ്ഞു. ഏതെങ്കിലും കൂടാരങ്ങളില്‍ നടക്കുന്ന ചര്‍ച്ചയല്ല വേണ്ടതെന്നും പൊതുമനസ് എന്താണെന്ന് തിരിച്ചറിയണമെന്നും യൂജിന്‍ പെരേര പറഞ്ഞു. വി ഡി സതീശൻ കേരള മുഖ്യമന്ത്രിയാകണമെന്ന് കെപിഎംഎസും പറഞ്ഞു.  ഹൈക്കമാന്‍ഡ് ആണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതും ഹൈക്കമാന്‍ഡ് ആണെന്ന് മുസ്‌ലിം ലീഗ് പറയുന്നു. 







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959