05 May, 2026 04:29:08 PM
തുവ്വൂരിൽ ട്രെയിനിന് മുകളിലേക്ക് മേൽപ്പാലത്തിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു

മലപ്പുറം: നിലമ്പൂർ-ഷൊർണ്ണൂർ റെയിൽവേ പാതയിൽ തുവ്വൂരിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് റെയിൽവേ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ചൊവ്വാഴ്ച പുലർച്ചെ 3.30-ഓടെയാണ് തുവ്വൂർ കമാനം മേൽപ്പാലത്തിന്റെ ഒരുഭാഗം നിലമ്പൂർ-ഷൊർണ്ണൂർ മെമു ട്രെയിനിന് മുകളിലേക്ക് തകർന്നുവീണത്. ട്രെയിൻ സാവധാനത്തിലായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
അപകടത്തെ തുടർന്ന് നിലമ്പൂർ-ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായും തടസ്സപ്പെട്ടു. ട്രാക്കിലേക്ക് മണ്ണും കല്ലുകളും ഇടിഞ്ഞുവീണതിനെത്തുടർന്ന് ഈ പാതയിലൂടെയുള്ള യാത്ര മുടങ്ങി. അഗ്നിരക്ഷാസേനയും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ 7.45-ഓടെയാണ് ട്രാക്ക് വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തെത്തുടർന്ന് തിരുവനന്തപുരം-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് രണ്ടര മണിക്കൂറിലധികം വൈകിയാണ് യാത്ര തുടർന്നത്. മെമു ട്രെയിനിന്റെ മുകൾഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ട്രെയിൻ പിന്നീട് നിലമ്പൂരിലേക്ക് തിരിച്ചുവിട്ടു. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.




