20 March, 2026 12:38:04 PM
സീറ്റില്ലെങ്കിൽ നേരത്തെ പറഞ്ഞുകൂടേ, പ്രചാരണം ആരംഭിച്ചിരുന്നു- എൽദോസ് കുന്നപ്പിള്ളി

കൊച്ചി: കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ പേരില്ലാത്തതില്‍ വൈകാരിത പ്രതികരണവുമായി എല്‍ദോസ് കുന്നപ്പള്ളി. താന്‍ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നുവെന്നും ആദ്യമേ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ മാറി നില്‍ക്കാന്‍ താന്‍ സന്നദ്ധനായിരുന്നുവെന്നും എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. എംഎല്‍എമാര്‍ക്കെല്ലാം സീറ്റുണ്ടെന്ന് തനിക്ക് വാക്ക് ലഭിച്ചതാണ്. അതിന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ താന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വികാരം തനിക്ക് അനുകൂലമായിരുന്നിട്ടും അതിനെ പാര്‍ട്ടി മാനിക്കാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റ് പാര്‍ട്ടിക്കാര്‍ സമീപിച്ചെങ്കില്‍പ്പോലും അത്തരം ഒരു തീരുമാനത്തിലേക്കും താന്‍ കടക്കില്ലെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞു.
പെരുമ്പാവൂരിലെ മുഴുവന്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടേയും പിന്തുണയും ഭൂരിഭാഗം മണ്ഡലം പ്രസിഡന്റുമാരുടെ പിന്തുണയും തനിക്കാണെന്ന് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. സാധാരണ പ്രവര്‍ത്തകരുടെ വികാരവും തനിക്കൊപ്പം തന്നെയായിരുന്നു. ഈ തീരുമാനത്തില്‍ കടുത്ത വേദനയുണ്ട്. എങ്കിലും കോണ്‍ഗ്രസ് നേതാക്കളെ ആരേയും തള്ളിപ്പറയുന്നില്ല. ഏറ്റവും വലുത് പ്രസ്ഥാനം തന്നെയാണ്. എ കെ ആന്റണി കൊടുത്ത റിപ്പോര്‍ട്ട് പോലും പരിഗണിക്കാത്തതില്‍ വേദനയുണ്ട്. ഒരു പന്തിയില്‍ രണ്ട് ഭക്ഷണം വിളമ്പരുതെന്നാണ് അദ്ദേഹവും സൂചിപ്പിച്ചത്. ഇടതുപക്ഷത്ത് നിന്നെത്തിയ ചില ആളുകള്‍ക്ക് സീറ്റ് നല്‍കിയല്ലോ എന്നും അദ്ദേഹം സൂചിപ്പിച്ചു. പെരുമ്പാവൂരില്‍ മനോജ് മൂത്തേടനാണ് എല്‍ദോസിന് പകരം സ്ഥാനാര്‍ഥി. അതിനിടെ എല്‍ദോസിന് വേണ്ടി ചില പ്രവര്‍ത്തകര്‍ പെരുമ്പാവൂരില്‍ പ്രകടനവും സംഘടിപ്പിച്ചു.




