19 March, 2026 01:17:02 PM


വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; എസ്എൻഡിപി യോഗം ഡയറക്ടർമാരെ നീക്കിയ വിധിക്ക് സ്റ്റേ ഇല്ല



കൊച്ചി: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ള എസ്എൻഡിപി യോഗം ഡയറക്ടർമാരെ നീക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സിംഗിൾ ബെഞ്ച് വിധി അനുസരിച്ചുള്ള സ്ഥിതി തുടരാൻ നിർദേശിച്ച കോടതി, വെള്ളാപ്പള്ളി നടേശന്റെ ആവശ്യം അംഗീകരിച്ചില്ല. വെള്ളാപ്പള്ളി നടേശന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീല്‍ അടിയന്തിരമായി പരിഗണിക്കാന്‍ നേരത്തെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

മാർച്ച് 12നാണ് വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഹൈക്കോടതി നീക്കിയത്. എം.കെ. സാനു അടക്കമുള്ളവർ നൽകി ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ആർ. രവിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വെള്ളാപ്പള്ളി നടേശനടക്കമുള്ള ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ഉത്തരവിട്ടത്.  

2006ന് ശേഷം സംഘടന ഓഡിറ്റ് കണക്കുകൾ അധികൃതർക്ക് സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ബോർഡ് അംഗങ്ങൾക്ക് തുടരാൻ അർഹതയില്ല എന്നുമായിരുന്നു ഹർജി. സുഗമമായ ഭരണത്തിനായി അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എസ്എൻഡിപി യോഗത്തിൻ്റെ കണക്കുകളിൽ വലിയ ക്രമക്കേട് ഉണ്ടെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. അത് പരിഗണിച്ചാണ് ബോർഡ് മെമ്പർമാരെ അടക്കം അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവുണ്ടായത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡൻറ് ഡോ. എം. എന്‍ സോമന്‍, വൈസ്‌ പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരെയാണ് കോടതി അയോഗ്യരാക്കിയത്. കമ്പനി നിയമപ്രകാരം വെള്ളാപ്പള്ളിക്കോ മറ്റ് ഭാരവാഹികൾക്കോ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് കോടതി കണ്ടെത്തിയത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920