18 March, 2026 10:14:24 PM
കൊച്ചിയിൽ പോസ്റ്ററടിച്ച് ദീപ്തി മേരി വർഗീസും ഷിയാസും; എല്ലാം മുന്നൊരുക്കമെന്ന് ദീപ്തി

കൊച്ചി : കോൺഗ്രസിൽ കൊച്ചി സീറ്റിനായി പോസ്റ്റർ യുദ്ധം. കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി എന്ന പേരിൽ ദീപ്തി മേരി വർഗീസിൻ്റെ പോസ്റ്ററുകൾ അടിച്ചതിന് പിന്നാലെ മുഹമ്മദ് ഷിയാസിന്റെ പേരിലും പോസ്റ്ററുകൾ. സീറ്റിന് വേണ്ടിയുളള നേതാക്കളുടെ വടംവലി ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് കൊച്ചി നിയോജക മണ്ഡലം സ്ഥാനാർഥി പ്രഖ്യാപനം വരും മുന്നേ പോസ്റ്റർ യുദ്ധം ആരംഭിച്ചിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുഹമ്മദ് ഷിയാസിനെ ജയിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. സ്ഥാനാർഥി പ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് മണ്ഡലത്തിൽ പോസ്റ്റർ യുദ്ധം ആരംഭിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും മണ്ഡലം ഭാരവാഹികളും ചേർന്നാണ് ഷിയാസിനായി പോസ്റ്ററുകൾ തയ്യാറാക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്നുകഴിഞ്ഞാൽ ഉടൻ പോസ്റ്ററുകൾ പൊതുയിടങ്ങളിൽ പതിപ്പിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.
പോസ്റ്റർ നേരത്തെ അടിച്ചത് മുന്നൊരുക്കത്തിൻ്റെ ഭാഗമായാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണെന്ന് അവർ പറഞ്ഞു. പാർട്ടി പറയുന്നത് അനുസരിക്കും. തീരുമാനം നെഗറ്റീവായോ എന്നറിയില്ല. സീറ്റില്ലെങ്കിലും പരാതി ഒന്നുമില്ല. എനിക്കെല്ലാം പാർട്ടിയാണ്. പലവിധത്തിൽ പരിഗണിക്കാമല്ലോ എന്ന് ദീപ്തി പറഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പിൽ പരിഗണിക്കാമെന്ന് പറഞ്ഞത് കെ പി സി സി അദ്ധ്യക്ഷനാണ്. നീതി നടപ്പാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അക്കാര്യം കെ പി സി സി അദ്ധ്യക്ഷനോട് ചോദിക്കണമെന്ന് അവർ പറഞ്ഞു.




