05 March, 2026 08:13:18 PM
പിആർഡി പരസ്യം ചട്ടങ്ങളുടെ ലംഘനം, ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും- വി.ഡി സതീശന്‍

തിരുവനന്തപുരം: ദേശാഭിമാനി, മാധ്യമം, ദ ഹിന്ദു അടക്കമുള്ള പത്രങ്ങളില്‍ ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍ സര്‍ക്കാരുകളെ താരതമ്യം ചെയ്ത് നല്‍കിയ വാർത്താരൂപത്തിലുള്ള പിആർഡി പരസ്യത്തിനെതിനെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നടന്നത് തരംതാണ പ്രചാരണമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. പരസ്യ ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള കാര്യമാണ് നടന്നത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ കൊണ്ട് മറുപടി പറയിക്കും. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു സതീശന്റെ പ്രതികരണം.
പത്രങ്ങളില്‍ നല്‍കിയിരിക്കുന്നത് പരസ്യമാണെന്ന് തോന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് നല്‍കിയിരിക്കുന്നത്. പണം വേണ്ട എന്ന് നിലപാട് സ്വീകരിച്ച മാധ്യമങ്ങളെ അഭിനന്ദിക്കുന്നു. സര്‍ക്കാരിന്റെ പണമല്ല, ജനങ്ങളുടെ പണമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പരസ്യം നല്‍കണമെന്നുണ്ടെങ്കില്‍ സിപിഐഎമ്മിന് പണം നല്‍കാം. തെരഞ്ഞെടുപ്പാകുമ്പോള്‍ തങ്ങളും പരസ്യം നല്‍കും. അതിന് തങ്ങളുടെ പണമായിരിക്കും ഉപയോഗിക്കുക. സര്‍ക്കാരിന് മുന്നോട്ടുവെയ്ക്കാന്‍ ഒന്നുമില്ല. അതുകൊണ്ടാണ് പഴയകാലത്ത് നടന്നതെന്ന് പറഞ്ഞ് ചില കാര്യങ്ങള്‍ നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടി പ്രചരിപ്പിക്കുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.
പിആര്‍ഡിയുടേത് പച്ചയായ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. നടക്കുന്നത് അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തുമാണ്. പിആര്‍ഡി ഉദ്യോഗസ്ഥരുടെ ചെവിക്ക് നുള്ളണം. ഇവര്‍ പെന്‍ഷന്‍ വാങ്ങില്ല. പിആര്‍ഡി ഡയറക്ടര്‍ അധഃപതിച്ചു. കണ്ണൂര്‍ കളക്ടറായിരിക്കെ സര്‍ക്കാരിന്റെ പാദസേവ ചെയ്തയാളാണ് ഇയാള്‍. സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നോട്ടുപോകും. നട്ടാല്‍ കുരുക്കാത്ത നുണകളാണ് പരസ്യമായി വന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പിആര്‍ഡി നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. പിണറായി വിജയന്റെ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന പണമല്ലിത്. എല്ലാറ്റിനും ഒരു മര്യാദവേണം. പിആര്‍ഡി ഡയറക്ടര്‍ എകെജി സെന്ററില്‍ നിന്നാണ് ഇതെല്ലാം ചെയ്യുന്നത്. നിയമനടപടി അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകും. പരസ്യം കൊടുക്കാത്ത പത്രങ്ങളെ അഭിനന്ദിക്കുന്നു. പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് മാധ്യമങ്ങള്‍ എന്ന് കരുതരുത്. സിപിഐഎമ്മിനെ സഹായിക്കാന്‍ കോടാനുകോടി ദുര്‍വിനിയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.




