19 February, 2026 10:08:29 AM


ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ടു; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി



പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ഥാടക സംഘത്തെ രാത്രി വിജനമായ പാതയിൽ ഇറക്കിവിട്ട സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ സ്ഥലം മാറ്റുകയുംചെയ്തു. പൂവാർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എൻ. സജികുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കണ്ടക്ടർ കെ.എൻ. പ്രേമസുതനെ കാഞ്ഞങ്ങാടേക്ക് സ്ഥലംമാറ്റി. സംഭവത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ട് ഇടപെട്ടാണ് നടപടി സ്വീകരിച്ചത്.

കെൽട്രോൺ ജീവനക്കാരടക്കം 12 മാളികപ്പുറങ്ങളും ഒരു കുട്ടിയുമടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് ദർശനത്തിനെത്തിയത്. നിലയ്ക്കലിൽ വാൻ പാർക്ക് ചെയ്ത ശേഷം കെ.എസ്.ആർ.ടി.സി ബസിലാണ് ഇവർ പമ്പയിലെത്തിയത്. ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ പമ്പയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറി. തങ്ങൾക്ക് നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടിലാണ് ഇറങ്ങേണ്ടതെന്ന് ടിക്കറ്റ് എടുക്കുമ്പോൾ തന്നെ കണ്ടക്ടറെ അറിയിച്ചിരുന്നു.

എന്നാൽ ബസ് നിലയ്ക്കൽ എത്തിയപ്പോൾ നിർത്താൻ തയ്യാറാകാതെ മുന്നോട്ട് പോയി. സ്റ്റാൻഡിൽ കയറ്റില്ലെന്ന് പറഞ്ഞ് ബേസ് ക്യാമ്പിന് പുറത്തുള്ള വനംവകുപ്പ് ഔട്ട് പോസ്റ്റിന് സമീപം വിജനമായ റോഡിൽ തീർത്ഥാടകരെ ഇറക്കിവിടുകയായിരുന്നു. രാത്രിയായതിനാൽ പോലീസോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഭാഗത്ത് ഇറക്കിവിട്ടതിനെത്തുടർന്ന് ഭീതിയോടെയാണ് സംഘം പാർക്കിങ് ഗ്രൗണ്ടിലേക്ക് നടന്നത്. സംഭവം വിവാദമായതോടെ മന്ത്രി കെ.ബി. ഗണേഷ് കുമാർ വിഷയത്തിൽ ഇടപെടുകയും അടിയന്തര നടപടിക്ക് നിർദ്ദേശം നൽകുകയുമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938