28 December, 2025 01:10:59 PM
'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം പിടിച്ചതിന് പിന്നാലെ മുൻ മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വി.കെ. പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണം എന്നാണ് ശ്രീലേഖ ആവശ്യപ്പെട്ടത്. ഫോണിൽ വിളിച്ചാണ് ശ്രീലേഖ ആവശ്യം ഉന്നയിച്ചത്. തനിക്ക് താമസിക്കാൻ ഈ കെട്ടിടമാണ് സൗകര്യമെന്ന് ശ്രീലേഖ പ്രശാന്തിനെ അറിയിച്ചു. ഓഫീസ് പ്രവർത്തിക്കുന്നത് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലാണ്. മുൻ കൗൺസിലാണ് ഇത് വാടകയ്ക്ക് നൽകിയത്. എല്‍ഡിഎഫ് ഭരണകാലത്ത് കൗണ്‍സില്‍ വാടക നിശ്ചയിച്ച് നല്‍കിയ കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള പുതിയ കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്ന ആര്‍ ശ്രീലേഖയ്ക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് എംഎല്‍എ ഓഫിസ് ഒഴിപ്പിക്കാന്‍ കൗണ്‍സിലറുടെ നീക്കം.




