27 December, 2025 02:41:35 PM
ഇനിയും വേട്ടയാടരുത്, ജീവനൊടുക്കും; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

ചെന്നൈ: ആത്മഹത്യ ചെയ്യുമെന്ന ഭീഷണിമുഴക്കി ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി ചോദ്യം ചെയ്ത മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും മണി പറഞ്ഞു. മണിയുടെ സംഘാഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊട്ടിക്കരഞ്ഞായിരുന്നു മണിയുടെ പ്രതികരണം. തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും മണി ആവര്‍ത്തിച്ചു.
'എസ്‌ഐടിയോട് എല്ലാം പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കും. എസ്‌ഐടിക്ക് മുന്നില്‍ ഞാന്‍ ഹാജരാകും. എന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. ഞാന്‍ സാധാരണക്കാരനാണ്. പടിപടിയായാണ് വളര്‍ന്നത്. കേരളത്തിലേക്ക് അധികം വരാറില്ല. ഞാന്‍ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. അവനും പാവമാണ്. നമുക്ക് രണ്ടുപേര്‍ക്കും ഈ കേസുമായി ഒരു ബന്ധവുമില്ല', ഡി മണി പറഞ്ഞു.
തന്റെ പേരില്‍ പെറ്റിക്കേസ് പോലുമില്ല. ഇതുപോലൊരു വലിയ കേസില്‍ എങ്ങനെയാണ് തന്റെ പേരെത്തിയത് എന്ന് അറിയില്ലെന്നും മണി പറയുന്നു. തന്നെ ഇനിയും വേട്ടയാടരുതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും മണി മാധ്യമങ്ങളോടു പറഞ്ഞു.
ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയെന്ന നിലയിലാണ് എസ്‌ഐടി മണിയിലേക്ക് എത്തിയത്. നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു വിരങ്ങള്‍.




