26 December, 2025 07:00:51 PM


ഭാര്യയ്ക്ക് അധ്യക്ഷസ്ഥാനം കിട്ടിയില്ല; എല്‍ദോസ് കുന്നപ്പിള്ളിയുടെ ഓഫീസ് പൂട്ടിച്ച് ഭര്‍ത്താവ്



കൊച്ചി: ഭാര്യയെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആക്കാത്തതിനാല്‍ എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ. പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് എംഎല്‍എ ഓഫീസ് നഷ്ടമായത്. എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലറായി ജയിച്ചിരുന്നു. ഇവരെ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെയാണ് കെട്ടിട ഉടമ അരിശം തീര്‍ത്തത്.

എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി മാറ്റിയ ഉടമ ഇവിടുത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഡിസംബര്‍ മാസം ആദ്യമാണ് പെരുമ്പാവൂര്‍ നഗരസഭയിലെ 20ാം വാര്‍ഡിലെ വീട്ടിലേക്ക് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഓഫീസ് മാറ്റിയത്. എന്നാല്‍ വാടക കരാര്‍ എഴുതിയിരുന്നില്ല.

കെട്ടിട ഉടമയുടെ ഭാര്യ ജെസി എജി 20ാം വാര്‍ഡിലെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേര്‍ അവകാശ വാദം ഉന്നയിച്ചു. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയ ഡിസിസി കെഎസ് സംഗീതയെ അധ്യക്ഷയാക്കി. പിന്നാലെ എംഎല്‍എയോട് കെട്ടിടം ഒഴിയാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോള്‍ എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി റോഡരികില്‍ തള്ളിയ നിലയിലായിരുന്നു. ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് എംഎല്‍എ ഓഫീസ് മാറ്റുമെന്ന് ജീവനക്കാര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956