23 December, 2025 06:36:46 PM


തടവുകാരില്‍ നിന്ന് കൈക്കൂലി; ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ



തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍. ജയിലില്‍ വഴിവിട്ട സഹായം നല്‍കുന്നതിന് തടവുകാരോട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി. ആരോപണം ഉയര്‍ന്നതിനു പിന്നാലെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത്ത് അടക്കമുള്ള തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും, പലര്‍ക്കും വഴിവിട്ട് പരോള്‍ അനുവദിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനധികൃത സ്വത്തുസമ്പാദനത്തിനു പുറമേ അഴിമതിക്കേസിലും വിനോദ് കുമാറിന്റെ പേരില്‍ അന്വേഷണം നടക്കുന്നുണ്ട്.

പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി വിനോദ്‌ കുമാറിനെതിരെ ഡിസംബർ 17നാണ് വിജിലൻസ് കേസെടുത്തത്. കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണൻ സിജിത്ത് 45,000 രൂപയും ഗൂഗിൾപേവഴി ജയിൽ ഡിഐജിക്ക് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു.

നേരിട്ടുവാങ്ങുന്നതിനു പകരം തടവുകാരുടെ ബന്ധുക്കളിൽനിന്നാണ് വിനോദ്കുമാർ പണംവാങ്ങിയിരുന്നത്. ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലും കൈക്കൂലിപ്പണം സ്വീകരിച്ചിരുന്നു. എട്ട്‌ തടവുകാരിൽനിന്ന്‌ പണം കൈപ്പറ്റിയതിന്‌ തെളിവുലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയും പണം വാങ്ങിയെന്നാണ് വിജിലൻസിന്റെ നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304