23 December, 2025 09:24:51 AM


വാളയാര്‍ ആള്‍ക്കൂട്ടക്കൊല: രാംനാരായണിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി



പാലക്കാട്: വാളയാറിലെ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട രാം നാരായൺ ഭാഗേലിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പുനൽകിയതിനെത്തുടർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഇന്ന്പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിരിക്കുകയാണ്. 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ആൾക്കൂട്ടക്കൊലപാതകം, പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമം (SC/ST Act) തുടങ്ങിയ കർശന വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം ലഭ്യമാക്കാൻ മന്ത്രിസഭയിൽ ശുപാർശ ചെയ്യുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. ഇതോടെ മെഡിക്കൽ കോളജ് മോർച്ചറിക്കു മുന്നിൽ ഭാര്യ ലളിതയുടെയും മക്കളുടെയും നേതൃത്വത്തിൽ നടന്നുവന്ന പ്രതിഷേധം അവസാനിച്ചു.

രാം നാരായണിന്റെ മൃതദേഹം ഇന്ന് വിമാനമാർഗം ജന്മനാടായ റായ്പുരിലെത്തിക്കും. കുടുംബാംഗങ്ങളുടെ വിമാന ടിക്കറ്റ് ചെലവും റായ്പുരിൽ നിന്ന് ഗ്രാമത്തിലേക്കുള്ള ആംബുലൻസ് സൗകര്യവും സർക്കാർ തന്നെയാണ് വഹിക്കുന്നത്. ഉദ്യോഗസ്ഥതലത്തിൽ നടന്ന ആദ്യഘട്ട ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് മന്ത്രി കെ. രാജന്റെയും കലക്ടർ അർജുൻ പാണ്ഡ്യന്റെയും സാന്നിധ്യത്തിൽ കലക്ടറേറ്റിൽ നടത്തിയ ചർച്ചയിലാണ് കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടത്.

ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് രാം നാരയണനെ മർദിച്ച് കൊലപ്പെടുത്തിയത് . ബംഗ്ലാദേശിയാണോ എന്ന സംശയമാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931