20 December, 2025 06:40:03 PM
ലൈംഗികാതിക്രമ പരാതി; പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം.
സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. പിന്നാലെ അദ്ദേഹം മുൻകൂർജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ പരാതിക്കാരി പരാതിയിൽ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.
ഐഎഫ്എഫ്‌കെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കെന്ന പേരിൽ തലസ്ഥാനത്തെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവർത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. കേസിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.




