20 December, 2025 11:46:30 AM


ശ്രീനിവാസന്‍റെ മൃതദേഹം കണ്ടനാട്ടെ വീട്ടിൽ, ടൗൺ ഹാളിൽ പൊതുദർശനം; സംസ്‌കാരം നാളെ



കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതൽ 3 വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ആദരാഞ്ജലി അർപ്പിക്കാനെത്തും.

പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഎം സെക്രട്ടറി എംവി ​ഗോവിന്ദൻ അറിയിച്ചിരുന്നു. നര്‍മത്തിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയില്‍ പകര്‍ത്തിയ ശ്രീനിവാസന്റെ അന്ത്യം രാവിലെ എട്ടരയോടെയായിരുന്നു. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. അതേസമയം, ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ രംഗത്തെത്തി.

സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ് ശ്രീനിവാസൻ. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.

സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി.

പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ 'ഞാൻ പ്രകാശൻ'ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം.

1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടി.വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K