17 December, 2025 06:15:18 PM


വിവാഹത്തിന് മുമ്പും ശേഷവും കൗണ്‍സിലിങ് നിര്‍ബന്ധം- വനിതാ കമ്മീഷന്‍



പാലക്കാട്: വിവാഹത്തിന് മുമ്പും ശേഷവും ദമ്പതികള്‍ക്ക് കൗണ്‍സിലിങ് നിര്‍ബന്ധമാണെന്ന് വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണി പറഞ്ഞു. വനിതാ കമ്മീഷന്‍ ജില്ലാതല സിറ്റിങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.ആര്‍ മഹിളാമണി. വിവാഹം കഴിഞ്ഞയുടനെ സ്ത്രീകള്‍  ലൈംഗികാത്രിക്രമം നേരിടുന്നുണ്ട്.  അസംഘടിത മേഖയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ലഭിക്കേണ്ടതിനെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. രാത്രികാല ഷിഫ്ട് കഴിഞ്ഞ് യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസിലാക്കുന്നതിനും പഠിക്കുന്നതിനുമായി കമ്മീഷന്റെ നേതൃത്വത്തില്‍ സര്‍വെ നടത്തുമെന്നും സര്‍വെ റിപ്പോര്‍ട്ട്  സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. കുട്ടികള്‍ അനുഭവപ്പെടുന്ന മാനസിക ബുദ്ധിമുട്ടുകള്‍ മനസിലാക്കുകയും ഒപ്പം അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി ശ്രമം നടത്തുന്നുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ 47 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ആറ് കേസുകള്‍ തീര്‍പ്പാക്കി. രണ്ട് കേസുകള്‍ കൗണ്‍സിലിങ്ങിനായി നല്‍കി. 39 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ഒരു പരാതിയാണ് പുതുതായി സ്വീകരിച്ചത്. അദാലത്തില്‍ പാനല്‍ അഭിഭാഷക ഷീബ, കൗണ്‍സിലര്‍മാരായ സ്റ്റെഫി അബ്രഹാം, സിംബിള്‍ മരിയ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938