12 December, 2025 10:14:25 AM


ആന്ധ്രാപ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 9 മരണം



അല്ലൂരി സീതരാമ രാജു: ആന്ധ്ര പ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി മരണം. അല്ലൂരി സീതരാമ രാജു ജില്ലയിലാണ് അപകടം നടന്നത്. ചിറ്റൂരില്‍ നിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് ചുരത്തില്‍ നിന്നും തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.ഡ്രൈവറും ക്ലീനറും അടക്കം 35 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. 9 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ചിറ്റൂരില്‍ നിന്ന് മരേടുമില്ലിയിലേക്ക് പോവുകയായിരുന്ന വാഹനം ഭദ്രാചലത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഭദ്രാചലം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും മരിച്ചവര്‍ ആരൊക്കെയാണെന്ന് പരിശോധിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍ ദിനേഷ് കുമാര്‍ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914