11 December, 2025 05:01:16 PM
രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ പാലക്കാടെത്തി

പാലക്കോട്: വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ലൈംഗികാതിക്രമ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്. 15 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്. വൈകിട്ട് 4.50 ഓടെ ആണ് തിരക്ക് ഒഴിഞ്ഞ ശേഷം രാഹുൽ വോട്ട് ചെയ്യാനെത്തിയത്.
രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും ഉപാധികളോടെ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന സൂചന രാവിലെ മുതല്‍ ശക്തമായിരുന്നു. ഒടുവില്‍ വോട്ടെടുപ്പിന്‍റെ അവസാന ഘട്ടത്തിലാണ് പാലക്കാട് എംഎല്‍എ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
വോട്ട് ചെയ്ത് ഇറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാനും എംഎല്‍എ തയ്യാറായി. 'എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും' എന്നായിരുന്നു വോട്ട് ചെയ്തിറങ്ങിയ രാഹുലിന്റെ പ്രതികരണം. എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു രാഹുല്‍ എത്തിയത്. ഈ കാറിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കോഴിയുടെ സ്റ്റിക്കര്‍ പതിപ്പിച്ചു. പലരും കൂക്കി വിളിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒപ്പമെത്തിയിരുന്നു.




