06 December, 2025 02:56:52 PM
'രാഹുലിനെ തൊട്ടാല്‍ കൊന്നുകളയും'; റിനി ആന്‍ ജോര്‍ജിന് വധഭീഷണി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി ആദ്യം പരാതിയുയർത്തിയ നടി റിനി ആൻ ജോർജിന് ഭീഷണി. രണ്ടുപേർ വീടിനു മുന്നിൽ വന്നു ഭീഷണിപ്പെടുത്തിയതായാണ് പരാതി. രാഹുലിനെ തൊട്ടുകളിച്ചാൽ കൊന്നുകളയും എന്നായിരുന്നു ഭീഷണി. റിനിയുടെ പിതാവിന്റെ പരാതിയെത്തുടർന്ന് പറവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. രാഹുലിനെ രണ്ടുദിവസം മുൻപ് കോൺഗ്രസ് പാർട്ടി പുറത്താക്കിയപ്പോഴും റിനി പ്രതികരിച്ചിരുന്നു.
"ഇത് സത്യത്തിൻ്റെ വിജയം. അതിജീവിതകളുടെ സന്തോഷത്തിൽ പങ്കുചേരുന്നു. സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാർട്ടിയോട് നന്ദി അറിയിക്കുന്നു. ഒരുപാട് സൈബർ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പോൾ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു," എന്നായിരുന്നു റിനിയുടെ പ്രതികരണം.
കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ, പേരുപരാമർശിക്കാതെ, ഒരു യുവ നേതാവ് മൂന്നുവർഷക്കാലം തന്നോട് മോശമായി പെരുമാറി എന്ന് റിനി ആരോപിച്ചിരുന്നു. ഇതായിരുന്നു മാങ്കൂട്ടത്തിലിനെതിരെയുള്ള മറ്റു സ്ത്രീകളുടെ പരാതികൾ പുറത്തുവരാനുണ്ടായ തുടക്കം.
ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നടപടികളില്‍ കലാശിച്ചത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ 'ഹു കെയേഴ്‌സ്' എന്നായിരുന്നു ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു പ്രതികരണം. എന്നാല്‍ ഇത് രാഹുല്‍ ആണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ സ്വീകരിച്ച 'ഹു കെയേഴ്‌സ്' ആറ്റിറ്റിയൂഡ് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയുടെ പ്രതികരണം.
ഇതിന് പിന്നാലെ രാഹുലിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഇതിനിടെ തന്നെയായിരുന്നു രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസ് നടപടികളിലേക്ക് നീങ്ങി. ഒടുവിൽ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.




