04 December, 2025 09:30:01 AM


രാഹുലിനെതിരെ വെളിപ്പെടുത്തല്‍; ഷഹനാസിനെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നു പുറത്താക്കി



കോഴിക്കോട്: കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എം എ ഷഹനാസിനെ പുറത്താക്കി. സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കോൺഗ്രസ് സഹയാത്രികയായ ഷഹനാസ്. ഇവർ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽനിന്നുള്ള പുറത്താക്കൽ.

രാഹുൽ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമായിരുന്നു ഷഹനാസിന്റെ വെളിപ്പെടുത്തൽ. കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞിരുന്നു. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താൻ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാൾക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാൾക്ക് കൊടുത്തുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയർന്ന പശ്ചാത്തലത്തിലായിരുന്ന ഷഹനാസിന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നൽകിയിരുന്നു.പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള കാര്യം സൂചിപ്പിച്ചപ്പോൾ പുച്ഛമായിരുന്നു ഷാഫിയുടെ മറുപടിയെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവ് കൂടിയായ ഷഹനാസ് വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K