01 December, 2025 03:23:49 PM
വടകരയിലെ സിപിഎം നേതാവിനെതിരേ 'മാക്രി' പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂര്‍: സിപിഎം നേതാവിനെതിരേ അധിക്ഷേപപരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം കോഴിക്കോട് ജില്ലാക്കമ്മിറ്റിയംഗം പി.കെ. ദിവാകരനെ 'മാക്രി' എന്ന് വിളിച്ചാണ് കേന്ദ്രമന്ത്രി അധിക്ഷേപിച്ചത്. നാടിനായി കേന്ദ്രമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സുരേഷ് ഗോപിയുടെ മറുപടി. തൃശ്ശൂരില്‍ ഒരു സംവാദ പരിപാടിയില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. സുരേഷ് ഗോപി ഒന്നു ചെയ്യുന്നില്ലെന്നതിന് മറുപടിയായി സിപിഎം നേതാവിന്റെ നാട്ടില്‍ ചെയ്ത പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു മാക്രി പരമാര്‍ശം
സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ. "തൃശ്ശൂര്‍ എംപിയെ 'തോണ്ടാന്‍' വന്നാല്‍ മാന്തിപ്പൊളിക്കും. വടകരയിലെ ഒരു മാക്രി, പഠിപ്പും വിവരവും ഒക്കെയുള്ള ആളാണ്, എന്താണ് ഇങ്ങനെയായതെന്ന് എനിക്കറിയല്ല. വടകരയില്‍ ഉരാളുങ്കല്‍ സൊസൈറ്റി, അത് ആരുടെയൊക്കെയാണെന്ന് അറിയാമല്ലോ അല്ലേ. അന്വേഷിച്ച് മനസ്സിലാക്കിക്കോളൂ. പക്ഷേ, അവരാണ് യോഗ്യമായ ഒരു പദ്ധതി കൊണ്ടുവന്നത്. ഞാന്‍കൂടി അംഗീകരിച്ച ഒരു പദ്ധതിയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. 95.34 കോടി രൂപയുടെ പദ്ധതിയാണ് ആ മാക്രിയുടെ മൂക്കിനു താഴെ കൊടുത്തിരിക്കുന്നത്. അയാള്‍ക്ക് എന്താണ് ഇതില്‍ക്കൂടുതല്‍ അറിയേണ്ടത്. അതുകൊണ്ട്, തൃശ്ശൂര്‍ എംപിക്കിട്ട് തോണ്ടാന്‍ വരരുത്. ഞാന്‍ മാന്തിപ്പൊളിച്ചുകളയും". അടുത്ത മാര്‍ച്ച് 31-ന് പദ്ധതി പൂര്‍ത്തിയാകും.




