28 November, 2025 06:16:47 PM
ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ കുടുങ്ങിയവരെ താഴെയിറക്കി

ഇടുക്കി: ആനച്ചാലില്‍ വിനോദസഞ്ചാരത്തിനിടെ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി. ഒന്നര മണിക്കൂറിലധികമായി കുട്ടികളടക്കമുള്ളവര്‍ ഡൈനിങില്‍ കുടുങ്ങി കിടക്കുകയായിരുന്നു. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരായിരുന്നു സ്‌കൈ ഡൈനിങില്‍ കുടുങ്ങി കിടന്നിരുന്നത്. ക്രെയിനിന്റെ സാങ്കേതിക തകരാറായിരുന്നു കുടുങ്ങി കിടക്കാന്‍ കാരണം.
ഫയര്‍ ഫോഴ്‌സ് എത്തിയാണ് കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരം സ്വദേശികളായ കുടുംബമാണ് മുകളിൽ കുടുങ്ങി കിടന്നിരുന്നത്. മംഗലാപുരം സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കൾ ഇവാൻ , ഇനാര ഡൈനിലെ ജീവനക്കാരിയായ ഹരിപ്രിയ എന്നിവരാണ് കുടുങ്ങിയത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മുകളില്‍ കയറി വടം കെട്ടിയാണ് കുടുങ്ങി കിടന്നവരെ താഴെ ഇറക്കിയത്. സ്‌കൈ ഡൈനിങ് നടത്തിപ്പുകാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായെന്നാണ് സൂചനകള്‍.




