28 November, 2025 12:30:02 PM
ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു; രാഹുലിന്‍റെ സുഹൃത്ത് ജോബി ജോസഫും പ്രതി; ഒളിവിൽ

തിരുവനന്തപുരം: യുവതിയുടെ പരാതിയില്‍ എടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തിനെയും പ്രതി ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമെ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പത്തനംതിട്ട അടൂര്‍ സ്വദേശിയായ ജോബി ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ബിനിനസ്സുകാരനാണ് ജോബി. നിലവിൽ ജോബിയും ഒളിവിലാണ്. ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ആണെന്നും ജോബിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടിണ്ടെന്നും പൊലീസ് അറിയിച്ചു.
കുഞ്ഞ് ഉണ്ടായാൽ തൻ്റെ രാഷ്‌ട്രീയ ഭാവി തകരുമെന്ന് രാഹുൽ പറഞ്ഞിരുന്നുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. നിർബന്ധിത ഗർഭച്ഛിദ്രത്തിന് തെളിവുണ്ടെന്നും, മെഡിക്കൽ രേഖകൾ ഇതിന് തെളിവെന്നുമാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തിയിരുന്നു. ഗുളിക എത്തിച്ചത് കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്നും, രാഹുലിൻ്റെ സുഹൃത്തിനെ കണ്ടെത്തുമെന്നും അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നു.
ഇന്ന് രാവിലെയാണ് പരാതിയിൽ രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. സീറോ എഫ്ഐആർ ആണ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ, ലൈംഗിക പീഡനം, വിശ്വാസവഞ്ചന എന്നിവ പ്രകാരമാണ് കേസെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന, ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.




